പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയില്‍ ഭാരത ഉപദ്വീപിന്റെ ദക്ഷിണ ഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം പ്രകൃതിഭംഗിയില്‍ അനുഗ്രഹീതമാണ്. 44 നദികളും അവയുടെ കൈവഴികളും കായലുകളും ഈ നാടിനെ ജലസമൃദ്ധമാക്കുന്നു. ഹരിതാഭ നിറഞ്ഞ വനങ്ങളും നീലജലാശയങ്ങളും കനകനിറമാര്ന്ന സമുദ്രതീരങ്ങളും വൈവിധ്യമാര്‍ന്ന സസ്യജന്തു സമ്പത്തും പ്രകൃതി കേരളത്തിനു കനിഞ്ഞേകിയ അമൂല്യ വരദാനങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും ശുചിത്വത്തെപ്പറ്റിയും ഉയര്‍ന്ന അവബോധം പുലര്‍ത്തുന്നവരാണ് കേരളജനത. ജലമലിനീകരണത്തിന്റെ നിവാരണത്തിനും നിയന്ത്രണത്തിനും വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കിയ ഭാരതത്തിലെ ആദ്യ 12 സംസ്ഥാനങ്ങളിൽ ഒന്നാമത് കേരളമാണ്. 1974- ലെ ജലമലിനീകരണ നിവാരണവും നിയന്ത്രണവും നിയമത്തിനു കീഴില്‍ ആദ്യമായി മലിനീകരണ നിയന്ത്രണബോര്‍ഡ് രൂപീകൃതമായതും കേരളത്തിലാണ്.